കോതമംഗലം : കടുത്ത ചൂടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കറിന്റെ ചില്ലാണ് തനിയെ പൊട്ടി ചിതറിയത്. കോതമംഗലം സബ് സ്റ്റേഷൻപടിയിൽ പുതീക്കൽ സാജന്റെ വീട്ടിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിലെ ഗ്ളാസ് ആണ് തനിയെ പൊട്ടിയത്. ദിവസങ്ങളായി ഗ്ളാസുകൾ എല്ലാം ഉയർത്തിയ ശേഷം കാർലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിൻ്റ ചില്ലുകൾ അടർന്ന് വീണത്.
തുടർന്ന് സാജൻ സർവ്വീസ് സെന്ററുമായി ബന്ധപ്പെട്ടു.ഉയർന്ന താപനിലയിൽ അടച്ചിട്ടിരുന്ന കാറിലെ മർദ്ദം ഉയർന്നത് കൊണ്ടാണ് ഗ്ലാസ് പൊട്ടാൻ കാരണമായത് എന്നാണ് കമ്പനി അധികൃതർ അറിയിച്ചതെന്ന് സാജൻ പറഞ്ഞു. എക്സ് യു വി കാറാണ് . ക്രമാതീതമായി അന്തരീക്ഷ ഊഷ്മാവ് കൂടിയതിനാൽ ഉപയോഗിക്കാതിരിക്കുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലോക്ക് ചെയ്യുമ്പോൾ ചുരുങ്ങിയത് ഒരിഞ്ച് അകലത്തിൽ എങ്കിലും വായു കടക്കാൻ വിധം ഗ്ലാസുകൾ താഴ്ത്തി ഇടണമെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്.