കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.
കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.