കോതമംഗലം :തൊഴിലുറപ്പ് – ആശാ-അങ്കണവാടി- ഹരിത കർമ്മ സേനാ എന്നീ മേഖലകളിലെ മുഴുവൻ അംഗങ്ങളും കോതമംഗലത്തെ നവകേരള സദസ്സിൽ പങ്കാളികളാകും. ഈ മേഖലകളിലെ മുഴുവൻ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ കോതമംഗലത്ത് ചേർന്ന് സംയുക്ത യോഗം തീരുമാനിച്ചു. പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജനക്ഷേമ പ്രവർത്തനങ്ങളിലും വികസന കാര്യത്തിലും ഭരണനിർവഹണത്തിലും കേരളം രാജ്യത്തിനും, ലോകത്തിനും മാതൃകയാണെന്നും പൊതുജന പങ്കാളിത്തം കൊണ്ട് കോതമംഗലത്തെ നവ കേരള സദസ്സ് ചരിത്രസംഭവമായി മാറുമെന്നും ആന്റണി ജോണി എംഎൽഎ പറഞ്ഞു. നിയോജകമണ്ഡലത്തിലെ മുനിസിപ്പൽ- പഞ്ചായത്ത് തലങ്ങളിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് മേറ്റ് മാർ,അസിസ്റ്റന്റ് സെക്രട്ടറിമാർ, പ്ലാൻ ക്ലർക്കുമാർ , ഹരിത കർമ്മ സേനയുടെ പ്രതിനിധികൾ, ആശാവർക്കർമാരുടെ പ്രതിനിധികൾ ,അങ്കണ വാടി ജീവനക്കാരുടെ പ്രതിനിധികൾ, സൂപ്പർവൈസർമാർ എന്നിവരാണ് കോതമംഗലത്ത് ചേർന്ന സംയുക്ത യോഗത്തിൽ പങ്കെടുത്തത് .മുഴുവൻ പഞ്ചായത്ത്- മുനിസിപ്പൽ തലങ്ങളിലും ഈ നാല് വിഭാഗവുമായി ബന്ധപ്പെട്ട യോഗങ്ങൾ 22,23 തീയതികളിൽ ചേരുന്നതിനും യോഗം തീരുമാനിച്ചു.നാല് വിഭാഗങ്ങളുടെ നേതൃത്വത്തിലും തനതായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.യോഗത്തിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഡോക്ടർ അനുപം എസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ തഹസിൽദാർ(LR) കെ എം നാസർ, സി ഡി പി ഒ ജിഷ ജോസഫ് എന്നിവർ സംസാരിച്ചു.
