കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ.
അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും കൂട്ടമായെത്തുകയാണ്. പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇവ രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തുള്ളവർ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് കൂനിൻമേൽ കുരു പോലെ ഒച്ചു ശല്യവും അനുഭവിക്കേണ്ടി വരുന്നത്.
ആഫ്രിക്കൻ ഒച്ചുകളുടെ പിടിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണിയിൽ തട്ടേക്കാട് ഗൈഡ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വനം വകുപ്പും, നാട്ടുകാരും കൈകോർത്ത് ഒച്ച് നിർമ്മാർജന യജ്ഞത്തിന് തുടക്കം കുറിച്ചു. ഇതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ജോഷി പൊട്ടക്കൽ നിർവഹിച്ചു.
വീടുകളിലേക്കും, കൃഷിയിടങ്ങളിലേക്കും വലിയ ഒച്ചുകൾ കൂട്ടത്തോടെ എത്തുന്നതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് പ്രദേശവാസിയായ നബീസയും നാട്ടുകാർക്ക് ഭീഷണിയായ ഒച്ചു ശല്യത്തിനെതിരെയുള്ള നടപടികൾക്ക് വനം വകുപ്പ് പിന്തുണ നൽകുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറും പറഞ്ഞു.
ഈ നാടു കൊണ്ട് ഗൈഡായി ജോലി ചെയ്ത് ജീവിക്കുന്ന തങ്ങൾക്ക് ഈ നാടിന് ഒരു പ്രശ്നമുണ്ടാകുമ്പോൾ, നാട്ടുകാരും കൂടിയായ തങ്ങൾക്ക് മാറി നിൽക്കാനാവില്ലെന്ന് ഒച്ച് നിർമ്മാർജന യജ്ഞത്തിന് നേതൃത്വം നൽകിയ ടൂറിസ്റ്റ് ഗൈഡ് സുധീഷ് പറഞ്ഞു.