പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിലെ ആവശ്യമുള്ള എല്ലാ ആളുകൾക്കും സൗജന്യ മഞ്ഞപ്പിത്ത പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .189 ആളുകൾക്കാണ് ഇതുവരെ രോഗം പിടിപെട്ടത് .ഇതിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് ..ഒരു രൂപ പോലും സർക്കാരിൽ നിന്ന് സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും, രോഗികൾക്ക് ലഭിക്കാത്തത് വളരെ വിഷമകരമായ അവസ്ഥയാണ് ഓരോ കുടുംബങ്ങളിലും സൃഷ്ടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസിൻ്റേയും ,വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷിന്റെയും പേരിൽ സംയുക്തമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ,അക്കൗണ്ടിലേക്ക് മുഴുവൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ രോഗബാധിതരായ ആളുകളുടെ ചികിത്സയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനും ഇന്നത്തെ യോഗത്തിൽ ധാരണയായതായി എംഎൽഎ പറഞ്ഞു.
ബെന്നി ബഹനാൻ എംപിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത് കുമാർ , മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ് പി ആർ നാരായണൻ നായർ ,വേങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി കൃഷ്ണൻകുട്ടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഷിജോ , ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബിജു ടി കെ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു . കുന്നത്തുനാട് തഹസിൽദാർ താജുദ്ദീൻ, ഡിഎംഒ ഡോ. സഹീനാ കെ ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു .