കോതമംഗലം:- താലൂക്കിലെ 122 റേഷൻ കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായി ആൻറണി ജോൺ MLA അറിയിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ക്രമീകരണങ്ങളോടും മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും MLA അഭ്യർത്ഥിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയമ്പെട്ടി, തെര, വാരിയംകുടി എന്നീ ആദിവാസി ഊരുകളിൽ റേഷൻ വിഹിതം വീടുകളിൽ എത്തിച്ചു നൽകും.
കടകളിലെ തിരക്ക് ഒഴിവാക്കാൻ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ മുൻഗണന-അന്ത്യോദയ കാര്ഡുകൾക്ക് മാത്രമായിരിക്കും വിതരണം. ഉച്ചക്ക് ശേഷം 2 മുതൽ വൈകിട്ട് 5 വരെ മറ്റ് കാര്ഡുകൾക്കും വിതരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി തിരക്ക് നിയന്ത്രിക്കാനും അവശ്യം വേണ്ടി വരുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിൽ എത്തിച്ചു നൽകാനും റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുഴുവൻ റേഷൻ കടകളിലും ബ്രേക്ക് ദി ചെയിൻ പദ്ധതിയിൽ കൈ കഴുകാൻ സോപ്പും വെള്ളവും, സാനിട്ടയ്‌സറും ലഭ്യമായിരിക്കും. ഉപഭോക്കാക്കൾ ഇവ ഉപയോഗപ്പെടുത്തേണ്ടതാണ്. താലൂക്കിലെ ഒരു പെട്രോൾ പമ്പിൽ 24 മണിക്കൂർ ഇന്ധനം ലഭ്യമായിരിക്കും. ഇപ്പോൾ ധർമഗിരി ജംഗ്ഷൻ ൽ ഉള്ള രാമസ്വാമി ആൻഡ് സൺസ് എന്ന പമ്പാണ് ഈ സേവനം നൽകുന്നതെന്നും, കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ ഒരേ സമയം 5 പേർ മാത്രമേ പാടുള്ളൂ എന്നും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.