കോതമംഗലം : ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ
ഞായറാഴ്‌ച നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്‌ത കേസ് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതുവഴിയാണ് രാജപാത. കോതമംഗലത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ് ഈ റോഡ്. വനംവകുപ്പിന് യാതൊരു അവകാശവും ഇല്ലാത്ത ഈ റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം തടയുകയും വഴിയിലൂടെ യാത്ര ചെയ്‌ത ജനപ്രതിനിധികൾ, മത നേതാക്കന്മാർ, പൊതുപ്രവർത്തകർ തുടങ്ങിയവരെ കേസിൽ കുടുക്കി ഇല്ലാതാക്കാനുള്ള വനംവകുപ്പിന്റെയും ജന ശബ്ദം പരിസ്ഥിതിവാദികളുടെയും ഗൂഢാലോചനയാണ് ഈ കേസ്. ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ആരും വനത്തിൽ കടന്നുകയറുകയോ നഷ്‌ടങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തില്ല. പക്ഷേ യാതൊരു കാരണവുമില്ലാതെ ആളുകളെ നിയമം കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് വനം വകുപ്പ്. എന്നാൽ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഇത്തരം ഭീഷണികൾ വിലപ്പോവില്ല എന്ന് ബിഷപ്പ് പറഞ്ഞു. ആളുകളുടെ ജീവിക്കാനുള്ള അവകാശങ്ങളിലേക്ക് കടന്ന് കയറ്റം നടത്തുന്ന വനം വകുപ്പിനെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം യാത്രയുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന എല്ലാ നിയമ നടപടികളും പിൻവലിച്ച് വനം വകുപ്പ് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് പൂയംകുട്ടിയിൽ നിന്ന് ആലുവ മൂന്നാർ രാജപാതയിലൂടെ ജനമുന്നേറ്റ യാത്ര നടത്തിയത്. കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എംപി, ആൻ്റണി ജോൺ എംഎൽഎ, നാലു വൈദികർ തുടങ്ങി 23 പേരുടെ പേരിലാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. മൂവായിരത്തോളം ആളുകൾ ജനമുന്നേറ്റ യാത്രയിൽ പങ്കുകാരായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ആലുവ മൂന്നാർ രാജപാത ജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജന മുന്നേറ്റ യാത്ര.
