കോതമംഗലം : മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറരുത് എന്ന് കോതമംഗലം രൂപതാ അധ്യക്ഷൻ മാർ. ജോർജ് മഠത്തിക്കണ്ടതിൽ. കാട് വന്യജീവികൾക്കും നാട് മനുഷ്യനും എന്ന ആപ്തവാക്യം ഉയർത്തി കോതമംഗലത്ത് നടന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഓരോ വർഷവും വ ന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. കൂടുതൽ കൂടുതൽ ജനവാസ മേഖലകളിലേക്ക് വന്യജീവികൾ എത്തുന്നു. ഇത് തടയുന്നതിൽ വനം വകുപ്പും ഭരണകൂടവും പരാജയപ്പെടുകയാണ്. വന്യജീവി ശല്യം നിയന്ത്രിക്കുവാൻ ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ടാവണം. വിദേശ നാടുകളിൽ ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച ശാസ്ത്രീയ എണ്ണ നിയന്ത്രണം നമ്മുടെ നാട്ടിലും പ്രായോഗികമാണ്.
വംശ നാശ ഭീഷണി നേരിടാത്ത ആന ഉൾപ്പെടെയുള്ള ജീവികളെ നിശ്ചിതകാലത്ത് എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ ഉണ്ടാകണം. അതോടൊപ്പം വന്യജീവികൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള ട്രഞ്ച് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കണം. വന്യജീവി ആക്രമണം നേരിടുന്ന സ്ഥലങ്ങളിലെ ആളുകൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോടടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർ ടെൻഷനും പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. കുട്ടികളിൽ വല്ലാത്ത ഭീതിയും അരഷിതാവസ്ഥയും ഉണ്ടായി അവരുടെ വ്യക്തിത്വ വികസനത്തെ പോലും നിഷേധാത്മകമായി സ്വാധീനിക്കുന്ന അവസ്ഥ സംജാതമാകുന്നു എന്ന് ബിഷപ്പ് പറഞ്ഞു .
മോട്ടോർ വാഹന ആക്ട് പോലെ വന്യജീവി ശല്യം മൂലം നഷ്ടം അനുഭവിക്കുന്നവർക്ക് നീതി ലഭിക്കാനുള്ള സംവിധാനം വരണം. നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കണം. അതോടൊപ്പം വന്യജീവി ആക്രമണങ്ങളിൽ ചികിത്സയിലാകുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കണം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറ്റം അനുവദിക്കാൻ പാടില്ല. വന്യജീവികളുടെ സ്വാഭാവിക സംരക്ഷകർ ആയ വനം വകുപ്പും സർക്കാരും വന്യജീവികളെ കാട്ടിൽ തന്നെ നിർത്താനുള്ള നടപടികൾ സ്വീകരിക്കണം.
വന്യജീവി ശല്യത്തിന് പരിഹാരം തേടിയുള്ള മനുഷ്യാവകാശ റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. നാലുമണിക്ക് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി കോതമംഗലം ഡി എഫ് ഒ ഓഫീസിന് സമീപം അവസാനിച്ചു.