Connect with us

Hi, what are you looking for?

EDITORS CHOICE

പറക്കും പാമ്പിനെ കാണുവാൻ നാട്ടുകാരുടെ തിരക്ക്

അടിമാലി : ചേരയെയും അണലിയേയും വളവളപ്പനെയും മാത്രം കണ്ട് ശീലിച്ച നാട്ടുകാർക്ക് മുന്നില്‍ കഴിഞ്ഞദിവസം ഒരു പൊളപൊളപ്പന്‍ കളര്‍ഫുള്‍ പാമ്പ് എത്തി. അതോടെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവുള്ള ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പാമ്പ് ഇനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍നിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ ഒരു മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു വനപാലകരെത്തി പിടികൂടി കാട്ടില്‍ തുറന്നുവിടുകയായിരുന്നു. പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനമാണ് നാഗത്താന്‍ പാമ്പ് . പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

മരംകയറി പാമ്പുകളായ ഇവ മുകളില്‍ നിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപര്‍വതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേരുകൂടിയുണ്ട്. നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകൾക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളിൽ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്.

മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായില്‍ 20, 22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല. വളരെ ഉയരമുള്ള മരക്കൊമ്പിൽ നിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാമ്പ് പറക്കുകയാണെന്ന് തോന്നും. ചാടുമ്പോൾ ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡര്‍ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!