കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനും പൊറോട്ടയും പഴകിയ എണ്ണയും അടക്കം കണ്ടെത്തി നശിപ്പിച്ചു. പാക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ബ്രഡ്, ഹലുവ, ബിസ്‌ക്കറ്റ് തുടങ്ങിയ കാലാവധി കഴിഞ്ഞവയും പിടികൂടി. ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി പിഴ ഈടാക്കി അടച്ചുപൂട്ടിച്ചു. കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആത്മാറാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.എസ്. ജോയി, ദിവ്യ ഷണ്മുഖന്‍, മെറില്‍ ജെ. ആന്റണി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
