കോതമംഗലം: പോക്‌സോ കേസിലെ പ്രതി തെളിവ് നശിപ്പിക്കാന്‍ പുഴയിലെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്‌നിശമന രക്ഷാസേനയുടെ സഹായത്തോടെ മുങ്ങിയെടുത്തു. കല്ലൂര്‍ക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് തന്റെ മൊബൈല്‍ ഫോണ്‍ കോഴിപ്പിള്ളി പുഴയിലെറിഞ്ഞത്. ഫോണ്‍ തകര്‍ത്തശേഷമാണ് പുഴയിലെറിഞ്ഞത്. പിടിക്കപ്പെടും മുന്‌പേ ആയിരുന്നു സംഭവം. അറസ്റ്റിലായ ശേഷം ഇക്കാര്യം പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് കേസിലെ പ്രധാന തെളിവായ ഫോണ്‍ പുഴയില്‍ നിന്ന് കണ്ടെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. ഇതിനായി അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഫോണിന്റെ ഭാഗങ്ങള്‍ കണ്ടെടുക്കാനായത്. ഫോണില്‍നിന്ന് ദൃശ്യങ്ങളും മറ്റ് വിവരങ്ങളും വീണ്ടെടുക്കാന്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നാണ് സൂചന. പോക്‌സോ കേസ് ആയതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പോലിസ് വ്യക്തമാക്കി.
