പെരുമ്പാവൂര്‍: ചേലാമറ്റത്തെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. പുലര്‍ച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. രാവിലെ എട്ടോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. പ്ലാസ്റ്റിക് കസേര നിര്‍മാണ കമ്പനിയുടെ ഏകദേശം 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗോഡൗണിലുണ്ടായ കസേരകളാണ് തീപിടിത്തത്തില്‍ കത്തിയത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി.
സമീപത്തുണ്ടായിരുന്ന മുന്നു ലോറികളുടെ എന്‍ജിനുള്‍പ്പെടെ മുന്‍ഭാഗവും കത്തിനശിച്ചു. പെരുമ്പാവൂര്‍, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നീ അഗ്‌നിരക്ഷാ നിലയങ്ങളില്‍നിന്ന് എട്ട് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. അഗ്‌നിരക്ഷാ സംഘം ഉടന്‍ എത്തിയതിനാല്‍ ചുറ്റുമുണ്ടായിരുന്ന മൂന്ന് ഗോഡൗണിലേക്ക് തീ പടരുന്നതും നിയന്ത്രിക്കാനായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ചേലാമറ്റം വെള്ളിമറ്റം ഗോപിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കമ്പനി. നഷ്ടം കണക്കാക്കിയിട്ടില്ല. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബി.സി. ജോഷി എന്നിവരാണ് നേതൃത്വം നല്‍കിയത്.