എറണാകുളം: എറണാകുളം ജവാഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനി ഫാത്തിമ നൗറിൻ കെ.എം., ദേശീയ ‘യങ് സയന്റിസ്റ്റ് ഇന്ത്യ’ മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ, കേരളത്തിന് പുതിയൊരു അഭിമാന താരമായി.
ന്യൂറോ-ഡൈവേർജൻ്റ് കുട്ടികളുടെ ജീവിതം ലളിതമാക്കാൻ ലക്ഷ്യമിട്ട് ഫാത്തിമ വികസിപ്പിച്ച “ലൂഡസ് മെൻ്റിസ്” എന്ന പ്രോജക്റ്റാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 1200 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 170 പ്രോജക്റ്റുകളിൽ ഒന്നായി ഇത് ഇടം നേടി. തുടർന്ന് ഫൈനൽ റൗണ്ടിലെ 30 മികച്ച പ്രോജക്റ്റുകളിലൊന്നായും ഇത് തിരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴിയിൽ നിന്ന് ഫാത്തിമ നൗറിൻ ട്രോഫിയും 30,000 രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.
ഈ വിജയത്തിന് പി.എം. ശ്രീ ജവാഹർ നവോദയ വിദ്യാലയത്തിലെ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും വലിയ പങ്കുവഹിച്ചു. ഫാത്തിമയെ കൂടാതെ, ഈ വിദ്യാലയത്തിൽ നിന്ന് 15 വിദ്യാർത്ഥികൾ കൂടി മത്സരത്തിൽ പങ്കെടുത്തു. അവരെല്ലാം പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നേടി. ഭാവിയിലെ യുവശാസ്ത്രജ്ഞർക്ക് പ്രചോദനമേകുന്ന ഈ വിജയം, എറണാകുളം ജില്ലയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്.നെല്ലിക്കുഴി കമ്മലവീട്ടിൽ മുഹമ്മദിന്റെയും റാഹിലയുടെയും മകളാണ് ഫാത്തിമ നൗറിൻ.
