കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കും. ജനുവരി 15ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേരും. വനംവകുപ്പ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എമാരായ ആന്‍റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, പി. വി ശ്രീനിജന്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ അനൂപ് കെ.ആര്‍, ജോര്‍ജ് പി. മാത്തച്ചന്‍, വിവിധ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.