കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം
ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ ജേതാക്കളായി.
256 പോയിന്റുമായി കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ രണ്ടാമതും, 235 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സ്വിമ്മിങ് അക്കാദമി മുന്നാമതുമായി. പുരുഷവിഭാഗത്തിൽ രാജഗിരി അക്കാദമിയും (185) വനിതാ വിഭാഗത്തിൽ വിശ്വജ്യോതി അക്കാദമിയുമാണ് (155) ചാമ്പ്യന്മാർ. രാജഗിരിയുടെ ടി എസ് പ്രണവും റീജണൽ സ്പോർട്‌സ് സെന്ററിന്റെ ഹന്ന എലിസബത്ത് സിയോയും വ്യക്തിഗത ചാമ്പ്യന്മാരായി.
