കോതമംഗലം: കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് കാട് കാടായും നാട് നാടായും നില നിർത്തണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയും കൃഷിയിടവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പൂന്നേക്കാട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടമ്പുഴ പഞ്ചായത്ത് പൂർണമായും കോട്ടപ്പടി,പിണ്ടിമന, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകൾ ഭാഗീകമായും പരിസ്ഥിതി ലോല പ്രദേശമായി മാറും.
ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ട്. വ്യാപാര ആവശ്യത്തിന് കെട്ടിടം നിർമിക്കാനോ കൃഷി ചെയ്യാനോ പറ്റില്ല. സ്വന്തം ഭൂമിയിലെ മരം മുറിക്കുന്നതിന് വനം വകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം.ബഫർ സോണിനുള്ളിൽ മൃഗങ്ങളെ തടയുന്ന സോളാർ വേലികൾ പോലും നിർമിക്കരുതെന്നാണ് വ്യവസ്ഥ. ഇതോടെ വന്യമൃഗ ശല്യം അതിരൂക്ഷമാകുമെന്ന് നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രവർത്തകർ കറുത്ത മാസ്ക് ധരിച്ചാണ് സംഗമത്തിൽ പങ്കെടുത്തത്.
കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.സി.ജോർജ്, സി.ജെ.എൽദോസ്, പീറ്റർ മാത്യു, മാത്യു ജോസഫ്, മാമ്മച്ചൻ ജോസഫ്,ബിനോയ് മഞ്ഞുമ്മൽകുടി, എ.ടി.പൗലോസ്,ജോമി തെക്കേക്കര,ബേബി മൂലയിൽ, കെ.കെ.ഹുസൈൻ,എ.സി. വേലായുധൻ, പ്രഫ.എ.പി.എൽദോസ്,ജോണി പുളിത്തടം,ബിജു വെട്ടിക്കുഴ,മജ്ഞു സാബു, ബീന റോജോ,കെ.എ.കാസിം, ഷൈമോൾ ബേബി, ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.