കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയതാണ്. അന്ന് മുതൽ പ്രാർത്ഥനയിലാണ് മറിയാമ്മ. ആ പ്രാർത്ഥന കോമൺ വെൽത്ത് ഗെയിംസിൽ ദൈവം കേട്ടു. നാലാം വയസില്‍ ആണ് എൽദോസിന്റെ അമ്മ മരിക്കുന്നത്.അന്ന് മുതൽ എൽദോസിനെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി വളർത്തിയത് ഈ മുത്തശ്ശി ആണ്. അവന്റെ അമ്മ പോയെ പിന്നെ ഞാനാണ് അവനെ വളര്‍ത്തിയത്; തൊണ്ടയിടറി, കണ്ണ് നിറഞ്ഞണ് എല്‍ദോസ് പോളിന്റെ മുത്തശ്ശി ഇത് പറഞ്ഞത്.
എൽദോസിനും, അത്രക്ക് ജീവനാണ് മുത്തശ്ശിയെ. ട്രിപ്പിൾ ജമ്പിലെ സ്വർണ്ണ വേട്ടക്ക് ശേഷം ആദ്യം നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതും മുത്തശ്ശിയോട്. കൊച്ചു മകന് ഫോണിലൂടെ മുത്തശ്ശിയുടെ വക സ്നേഹ മുത്തം. നാട്ടിൽ വന്നിട്ട് വേണം കൊച്ചു മകന്റെ മെഡൽ നേരിട്ട് കണ്ട് കെട്ടിപിടിച്ചു സ്നേഹ ചുംബനം വീണ്ടും കൊടുക്കുവാൻ. കാത്തിരിക്കുകയാണ് 80 വയസ് പിന്നിട്ട മറിയാമ്മ പാലക്കാമാറ്റത്തെ കൊച്ചു തോട്ടത്തിൽ വീട്ടിൽ ആനന്ദ കണ്ണീരും, പ്രാർത്ഥനയുമായി.