കോതമംഗലം: തെരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയില്‍ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എല്‍ദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ദോയുടെ പാരഡി ഗാനങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്.
മുന്നൂറിലേറെ പാരഡികളാണ് എല്‍ദോ രചിച്ചത്. 30 വര്‍ഷത്തെ പരിചയമ്പത്താണ് പാരഡിഗാന രചന രംഗത്ത് എല്‍ദോക്കുള്ളത്. പേരാവൂരിലെ സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് മറക്കാനാവാത്ത അനുഭവമായി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അനൗണ്‍സര്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്ന എല്‍ദോ ഷോര്‍ട്ട് ഫിലിം, ഡോക്യു മെന്ററി സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി പ്രസാദ് ആണ് എല്‍ദോയുടെ പാരഡികളുടെ ഗായകന്‍.
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് എല്‍ദോ. എന്നാല്‍, പാട്ടെഴുത്തിന് പാര്‍ട്ടി വ്യത്യാസമൊന്നുമില്ല. ഇടതിനും വലതിനും എന്‍ഡിഎയ്ക്കുമെല്ലാം വേണ്ടി പാരഡി എഴുതി. ഇക്കാര്യത്തില്‍ രാഷ്ട്രീയവും കലാപ്രവര്‍ത്തനവും രണ്ട് വഴിയിലെന്നാണ് എല്‍ദോയുടെ നിലപാട്. ആവശ്യക്കാര്‍ നല്‍കുന്ന ആശയവും നിര്‍ദേശവും അനുസരിച്ചാണ് എഴുത്ത്. ഹിറ്റുകളായ സിനിമാ ഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയുമെല്ലാം പാരഡികള്‍ എല്‍ദോയുടെ തൂലികയില്‍ നിന്ന് പിറന്നു. കോതമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തുള്ളല്‍പ്പാട്ടും എഴുതി.





















































