കോതമംഗലം: കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. കോതമംഗലം ടൗണില്‍ തങ്കളത്ത് ബൈപ്പാസ് ജംഗ്ഷന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. കാല്‍നടക്കാരും ഏറെ ബുദ്ധമുട്ടി. ഓടയിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. മഴക്കാലത്തിന് മുന്നോടിയായി ഓടയുടെ ശുചീകരണം നടത്തിയിട്ടില്ല. കാലവര്‍ഷം ആരംഭിക്കും മുന്‌പേയാണ് ഇത്തരമൊരു അവസ്ഥ ഇവിടെയുണ്ടായത്.
ഓടകള്‍ ശുചീകരിക്കാന്‍ അടിയന്തരമായി ഇടപെടലുണ്ടായില്ലെങ്കില്‍ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവ് കാഴ്ചയാകും. ഏതാനും വര്‍ഷം മുന്പ് ഈ ജംഗ്ഷനാകെ വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. പിന്നീട് നിലവിലുണ്ടായിരുന്ന ഓടകളിലെ തടസങ്ങള്‍ നീക്കുകയും പുതിയ ഓട നിര്‍മിക്കുകയും ചെയ്തതോടെ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതുപോലെയായിരിക്കുകയാണ്.
