കോതമംഗലം : നവീകരിച്ച കോതമംഗലം ബ്ലോക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദഘാടനത്തിന് ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ല, നോട്ടീസില്‍ പേരുവച്ച് ഒഴിവാക്കി. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ചടങ്ങിനെ ചൊല്ലി രാഷ്ട്രീയ വിവാദം.ഇന്നലെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവേശന കവാടവും ഓഫീസിന്റെയും ഘടക സ്ഥാപങ്ങളുടേയും കെട്ടിടങ്ങള്‍ നവീകരിച്ച് അതിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടന നോട്ടീസില്‍ പേരുവച്ചിട്ടും തന്നെ ക്ഷണിച്ചില്ലെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ സലീം ആരോപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായി എത്തുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ ആന്റണി ജോണിനെ അധ്യക്ഷനായാണ് ബ്ലോക്ക് പഞ്ചായത്ത് നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ നിന്നും അധ്യക്ഷനായ എംഎല്‍എ തന്നെ വിട്ടുനിന്നത് വിവാദം കൂടുതല്‍ ശക്തിപ്പെടുത്തി.
മുറ്റത്ത് ടൈല്‍ വിരിച്ചതാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തതെന്നും റഷീദ സലീം അധ്യക്ഷയിരുന്ന ഭരണ സമിതി ചെയ്തത് അല്ലാതെ ഇപ്പോള്‍ പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണവുമായി ഇടതു പക്ഷ കേന്ദ്രങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2020 ല്‍ അന്നത്തെ ഇടത് പക്ഷ ഭരണ സമിതി പണിപൂര്‍ത്തീകരിച്ച് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടമാണ് ഇപ്പോള്‍ വീണ്ടും ഉദ്ഘടനം ചെയ്‌തെന്നാണ് സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നത്. ഇടത് കേന്ദ്രങ്ങളുടെ ആരോപണങ്ങള്‍ക്കും പരിപാടിയുടെ അധ്യക്ഷനായി നിശ്ചയിച്ച എംഎല്‍എ വിട്ടുനിന്നതിനെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ മറുപടി വരാനിരിക്കുന്നതെ ഉള്ളൂ. തദ്ധേശ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ തൃതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കേന്ദ്രീകരിച്ച് വിവാദങ്ങളും രാഷ്ട്രീയ പോരും കനക്കുകയാണ്.
