കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ
വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി ന്യൂമാറ്റിക് റേഞ്ച് എന്ന ഉപകരണം ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന കെ എസ് ആർ ടി സി എക്സ്പോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ 2015-19 ബാച്ചിലെ 12 വിദ്യാർത്ഥികൾ ചേർന്നാണ് പ്രഫ. എൽസൺ പോളിന്റെ നേതൃത്തത്തിൽ ആണ് കെ എസ് ആർ ടി സിയുടെ റിക്കവറി വാനിൽ ഘടിപ്പിക്കാവുന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. യാത്രക്കിടയിൽ ബസുകളുടെ ടയറുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ടയർ മാറ്റുന്നതിന് ഒരു മണിക്കൂർ എടുത്തിരുന്ന സമയം അഞ്ച് മിനുട്ടിൽ താഴെ സമയം കൊണ്ട് തീർക്കാൻ ഈ ഉപകരണം കൊണ്ട് കഴിയും.കൂടാതെ ജോലിക്കാരുടെ എണ്ണവും കുറവ് മതി. ടയർ പഞ്ചറാകുമ്പോൾ ഉണ്ടാകുന്ന ട്രിപ്പ് മുടക്കം മൂലമുള്ള ധന നഷ്ടവും സമയനഷ്ടവും കുറയ്ക്കാൻ ഇതുവഴി കഴിയും.
ഇത്തരം സംവിധാനം ഉള്ള കേരളത്തിലെ ഏക ഡിപ്പോയാണ് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ. തിരുവനന്തപുരത്ത് നടക്കുന്ന എക്സ്പോയിൽ ശ്രദ്ധ നേടുക ആണെങ്കിൽ കേരളത്തിലെ എല്ലാ ഡിപ്പോയിലേക്കും ഈ സംവിധാനം ഏർപ്പെടുത്താൻ കഴിയും.എംബിറ്റ്സ് എഞ്ചിനീയറിംഗ്, പോളി ടെക്നിക് കോളേജുകളിലെ എഞ്ചിനീയറിംഗ്,ഡിപ്ലോമ വിദ്യാർത്ഥികളായ അലൻ ബെന്നി, അഭിജിത്ത് രതീഷ്, സേതു സന്തോഷ്, ജോബിറ്റ് ജോസഫ്,സച്ചു പ്രസാദ്, സാമു പ്രസാദ്, അലൻ മാത്യൂ, ആൽബി എൽദോസ്, അരവിന്ദ് കെ എസ്
എന്നിവർ അധ്യാപകരായ അമീൻ മുഹമ്മദ്, എൽദോസ് കെ എ, അമൽ റോക്കി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഉപകരണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി എക്സ്പോക്ക് സജ്ജമാക്കിയത്.
ഉപകരണം കെ എസ് ആർ ടി സി ക്ക് സമർപ്പിക്കുന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോളജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. നിധീഷ് എൽദോ ബേബി, ജി സി ഐ അനസ് മുഹമ്മദ്, ബി ടി സി കോർഡിനേറ്റർ രാജീവ് എൻ. ആർ, ചാർജ്‌മാൻ സീമോൻ എ.ഡി.കെ എസ് ആർ ടി സി ഡിപ്പോ അസിസ്റ്റൻറ് പ്രീട്സി പോൾ, പോളിടെക്നിക് അധ്യാപകൻ അമീൻ മുഹമ്മദ്, വിദ്യാർത്ഥികളായ അലൻ ബെന്നി,അഭിജിത്ത് രതീഷ്, സച്ചു പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
