കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി. രോഗവാഹികളായ കൊതുക് പെരുകാനുള്ള സാഹചര്യം പൊതുവേ ഉണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ട്. റബര്‍ തോട്ടങ്ങളിലും പൈനാപ്പിള്‍ തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരങ്ങളും കൃഷിയിടങ്ങളും നിരന്തരം നിരീക്ഷിച്ച് ഉറവിട നശീകരണം നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.
ജലജന്യരോഗമായ മഞ്ഞപ്പിത്തവും താലൂക്കില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധമായ വെള്ളമാണെന്നും ഉറപ്പാക്കണം. ഭക്ഷണപാനിയങ്ങള്‍ വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.