കോതമംഗലം: തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാമ്പാറ (11 കി.മി) റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 16 കോടി രൂപ സാങ്കേതികാനുമതി ആയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രലത്തിൻറെ കീഴിലുള്ള സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) നിന്നും 2022 ജൂലൈ മാസത്തിൽ ആണ് ഫണ്ട് വകയിരുത്തിയത്. മെയ് അവസാന വാരത്തോടെ ടെൻഡർ നടിപടി പൂർത്തീകരിക്കുമെന്നും തുടർന്ന് ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും എം.പി. പറഞ്ഞു.
നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന തങ്കളം മുതൽ ആയക്കാട് വരെയുളള ഭാഗം റോഡ് ഒഴിവാക്കിയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളംങ്ങാട്ട് കുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് ഇപ്പോൾ നിർമ്മിക്കുന്നത്. തണ്ണിക്കോട്ടും മുത്തംകുഴിയിലും ഓരോ പാലവും 10 കൾവർട്ടുകളും ഓടയും 5.5 മീറ്റർ ടാറിംഗ് വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറക്കുള്ള 250 മീറ്റർ ദൂരവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം.പി. പറഞ്ഞു.
റോഡിൻറെ ടെൻഡർ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം എം.പി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്താകെ 506.14 കോടി രൂപയാണ് 30 റോഡുകൾക്കായി അനുവദിച്ചതിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്ക് 2 റോഡുകളാണ് അനുവദിച്ചത്. ഇതിൽ ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം പച്ചടി-മഞ്ഞപ്പാറ-മേലെ ചിന്നാർ-റിവർവാലി (13.7 കി.മി) റോഡിന് 19 കോടി രൂപയുടെയും സാങ്കേതിക അനുമതി ലഭിച്ചതായും എം.പി. പറഞ്ഞു.