കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം – വാളാച്ചിറ കവലക്ക് സമീപമാണ് ഇറച്ചിക്കോഴി മാഫിയ പൊതുവഴിയിൽ വഴി നീളെ തുരുമ്പെടുത്ത കൂടുകളും നിരവധി ചത്തകോഴികളേയും പെരുവഴിയിൽ ഉപേക്ഷിച്ചതായി ആരോപണം ഉയർന്നത്. ദുർഗ്ഗന്ധം വന്ന് തുടങ്ങിയതോടെ പ്രദേശവാസികൾ സംഘടിക്കുകയും ഊന്നുകൽ പോലീസിലും പഞ്ചായത്ത് ഹെൽത്ത് അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാരും പോലീസും ചേർന്ന അന്വഷണത്തിനിടയിൽ തമിഴ്നാട് നാമക്കൽ സ്വദേശിയുടെ വാഹനത്തിലാണ് കോഴികളെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തമിഴ്നാട് നെല്ലൂർ സ്വദേശി ലോറി ഡ്രൈവർ രാജ് കുമാർ, പല്ലാരിമംഗലം കല്ലുംപുറത്ത് വീട്ടിൽ നൗഷാദ് പരീത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കൊറോണ ഭീതിമൂലവും തൊട്ടടുത്ത പഞ്ചായത്തുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കെ പ്രദേശവാസികളെ ഭയാശങ്കയിലാക്കി പൊതുവഴിയും പരിസര പ്രദേശങ്ങളും വൃത്തിഹീനമാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചത്ത കോഴികളെ പക്ഷിപ്പനിയോ മറ്റ് സാംഗ്രമികരോഗങ്ങളോ ഉള്ളതാണോ എന്ന് ആരോഗ്യ വകുപ്പ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലാത്തതും നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്. ചത്ത കോഴികളെ എവിടെ നിന്ന് കൊണ്ട് വന്നു, എന്തിന് കൊണ്ടുപോയി എന്നുള്ളതുൾപ്പെടെ വിശദമായ അന്വഷണം ആവശ്യപ്പെട്ട് കോതമംഗലം തഹസീൽദാർ റെയ്ചൽ കെ.ബേബിക്കും ഊന്നുകൽ സി.ഐ. ഋശികേശിന് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗവും പ്രദേശവാസിയുമായ മനോജ് ഗോപിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്.
ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും, കോഴികളെ വിൽപ്പനശാലകളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മാറ്റിക്കയറ്റുന്നതിനായി കുറച്ചുകൂടുകൾ പാതയോരത്ത് ഇറക്കി വയ്ക്കുകയായിരുന്നെന്നും കാവലിന് സ്ഥലവാസിയെ ചുമതലപ്പെടുത്തിയിരുന്നെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും ഊന്നുകൽ പോലീസ് വ്യക്തമാക്കുന്നു.
ചത്ത കോഴികളെ വാങ്ങി ഇറച്ചിയാക്കി ഫ്രീസറുകളിലും മറ്റും സൂക്ഷിച്ച് വിൽക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും, അങ്ങനെ ചെയ്യുന്ന കോൾഡ് സ്റ്റോറെജുകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് മനോജ് ഗോപി ആവശ്യപ്പെട്ടു. അമിതമായ അളവിൽ ഹോർമോണുകൾ കുത്തിവയ്ച്ചിട്ടോ രോഗബാധ മൂലമോ ചത്ത കോഴികളുടെ ഇറച്ചിയാണ് ഇത്തരം കേന്ദ്രങ്ങൾ വഴി വിൽപ്പന നടത്തുന്നതെങ്കിൽ ഇത് വാങ്ങിക്കഴിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവാമെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു.
https://www.facebook.com/kothamangalamvartha/videos/pcb.938386423286699/349002419395029/?type=3&theater