കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് ജോലിക്ക് ശേഷം കുട്ടികൾക്ക് വാങ്ങികൊണ്ടുപോയ പലഹാരത്തിലാണ് പ്രശ്‌നം ഉണ്ടായത്. ഒന്നര വയസ്സുള്ള കുട്ടിക്ക് പലഹാരം കൊടുക്കുവാൻ ശ്രമിക്കുമ്പോളാണ് കാലപ്പഴക്കം മൂലം ഉൾഭാഗം പൂപ്പൽ പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ആരോഗ്യ വകുപ്പിനേയും, ഫുഡ് ആൻഡ് സേഫ്റ്റി അധികാരികളേയും വിവരം ധരിപ്പിക്കുകയായിരുന്നു.
ഇന്ന് ഭക്ഷ്യ സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിൽ ലേബലിംഗ് ഇല്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നതായും, ഉൽപ്പനങ്ങൾ ഉണ്ടാക്കിയ തീയതിയും കാലഹരണപ്പെടുന്ന തീയതി രേഖപ്പെടുത്താത്ത വസ്തുക്കൾ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ബോർമ പരിശോധിച്ച ഉദ്യോഗസ്ഥർ വൃത്തിഹീനമായ സാഹചര്യത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുകയും , പഴകിയ കറുത്ത നിറത്തിലുള്ള എണ്ണ ഉപ്പിട്ട് നശിപ്പിക്കുകയും ചെയ്‌തു. ഭക്ഷ്യ സുരക്ഷാ അധികാരികൾ സ്ഥാപനത്തിന് നോട്ടീസ് നൽകുകയും തുടർ പരിശോധന ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.