കോതമംഗലം : പട്ടയ ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് വെട്ടി വിൽക്കുന്നതിനു തടസമില്ല എന്ന 2017ലെ ഗവണ്മെന്റ് ഓർഡറിന്റെ സ്പഷ്ടീകരണവും നിയമ തടസങ്ങൾ നീക്കി കൊണ്ടും ഉള്ള വിശദീകരണവും ആണ് പുതിയതായി റവന്യൂ വകുപ്പിന്റെതായി പുറത്തു വന്നിരിക്കുന്നത്. നിലവിൽ കളക്ടറുടെ മുന്നിൽ എത്തിയിട്ടുളള പുതിയ ഉത്തരവ് കളക്ടർ തഹസീൽദാർക്കും തുടർന്ന് വില്ലേജ് – ഫോറെസ്റ്റ് അധികാരികൾക്കും കൈമാറും. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരം വെട്ടാൻ ഉള്ള നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിയമം വന്നു കഴിഞ്ഞാലും മരം വെട്ടാൻ ചില നിയമപരമായ കാര്യങ്ങൾ കൂടി പൂർത്തിയാക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
കരം തീർത്ത രസീതിന്റെ പകർപ്പിനൊപ്പം മരം വെട്ടാനുളള അപേക്ഷ വില്ലേജ് ഓഫീസിൽ സമർപ്പിക്കണം, വില്ലേജിലെ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം കട്ടിങ് പെർമിറ്റ് നൽകും. തുടർന്ന് മരം വെട്ടിയ ശേഷം റേഞ്ച് ഓഫീസിൽ അറിയിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച് ശേഷം പാസ്സ് നൽകുകയും ചെയ്യും ഇതാണ് സാധാരണ ഗതിയിലുള്ള നടപടി. ഇത് പൂർത്തിയാക്കിയാൽ മാത്രമേ മരം മുറിച്ചു കൊണ്ടു പോകാൻ സാധിക്കുകയുള്ളു.
വന മേഖലയോട് ചേർന്ന് കിടക്കുന്ന കോതമംഗലത്തെ ഗ്രാമീണ പ്രദേശങ്ങളായ വടാട്ടുപാറ , കുട്ടമ്പുഴ , നേര്യമംഗലം തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലെ സാമൂഹിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെക്കാവുന്ന സർക്കാർ ഉത്തരവാണ് പുറത്തു വന്നിരിക്കുന്നതെന്ന് സി പി ഐ ജില്ല അസി.സെക്രട്ടറിയും വാഴക്കുളം അഗ്രോ പ്രോസ്സസിംങ്ങ് കമ്പനി ചെയർമാൻ കൂടിയായ ഇ.കെ ശിവൻ വ്യക്തമാക്കി.
കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ,കവളങ്ങാട് പഞ്ചായത്തുകളിലടക്കം വിവിധ പ്രദേശങ്ങളിൽ പട്ടാദാർമാർക്ക് പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റുവാൻ സാധിക്കാതിരിക്കുന്ന അവസ്ഥ വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തതായി സി പി ഐ ജില്ല കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ് വ്യക്തമാക്കി.
സി പി ഐ ജില്ല കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ജി പ്രസാദ് ,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ യു നാസ്സർ ,എ ഐ എസ് എഫ് നേതാവ് ഹിരി കൃഷ്ണൻ എന്നിവർ വിശദീകരണ യോഗത്തിൽ പങ്കെടുത്തു.