പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ പകർച്ചവ്യാധി നിയന്ത്രണങ്ങൾ, പ്രളയ മുന്നൊരുക്കം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്.
ഒക്കൽ ദിവ്യകാരുണ്യ ആശ്രമം, വേങ്ങൂർ രാജഗിരി കോളേജ് ഹോസ്റ്റൽ, ഐ.എൽ.എം കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് മണ്ഡലത്തിലെ കോവിഡ് കെയർ സെന്ററുകൾ ആയി പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് ക്വാറന്റൈൻ കാലയളവിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. മറ്റു ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനൊപ്പം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ കാര്യത്തിൽ ഉണ്ടാകുന്ന വലിയൊരു പണചെലവ് പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ്ണ ശുചിത്വ ദിനാചരണത്തിന്റെയും കുടിവെള്ള ശുചികരണ പ്രവർത്തനങ്ങളുടെയും അവലോകനവും നടത്തി. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് കുടിവെള്ള ശുചികരണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തികരിച്ചതായി എം.എൽ.എ പറഞ്ഞു.
മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ പ്രളയ സാധ്യത മുൻകൂട്ടി കണ്ട് നടത്തേണ്ട പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. കഴിഞ്ഞ പ്രളയ കാലത്ത് മണ്ഡലത്തിലെ ഭരിഭാഗം വർഡുകളും പ്രളയ പ്രദേശങ്ങൾ ആയിരുന്നു. രണ്ട് പഞ്ചായത്തുകൾ ഒഴികെ ബാക്കി മുഴുവൻ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടതായി വന്നു. ഈ വർഷവും പ്രളയ സാധ്യത മുന്നിൽ കണ്ട് കൊണ്ട് നടത്തേണ്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഡെങ്കിപ്പനി പടർന്ന് പിടിക്കുവാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം സലിം, എം.എ ഷാജി, ജിഷ സോജൻ, സൗമിനി ബാബു, രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്ഥിരം സമിതി അധ്യക്ഷരായ സിസിലി ഇയ്യോബ്, സീന ബിജു, അംഗങ്ങളായ കെ.പി വർഗീസ്, പോൾ ഉതുപ്പ്, പ്രകാശ് കോടനാട്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, തഹസിൽദാർ വിനോദ് രാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സേതുലക്ഷ്മി, വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.