കോതമംഗലം :- കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രാമല്ലൂർ ലൈബ്രറിപടി സ്വദേശി ചക്രവേലിൽ ബേബി ജോർജ്ജ്( 58)ന്റെ ശവസംസ്കാരമാണ് യാക്കോബായ സുറിയാനി സഭയുടെ പ്രത്യേക പരിശീലനം നേടിയ വൈദീകരും യുവാക്കളും ചേർന്ന് കോവിഡ് 19 ന്റെ മാനദണ്ഡം പാലിച്ച് മാർതോമ ചെറിയ പള്ളിയിൽ നടത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ എത്തിച്ച മൃതദേഹം വൈദികരുടെ നേതൃത്വത്തിൽ ചരമ ശുശ്രൂഷയ്ക്കുശേഷം പി. പി കിറ്റ് ധരിച്ച വൈദികരും ശുശ്രൂഷകരും സഹായികളും ചേർന്ന് സെമിത്തേരിയിൽ അടക്കം ചെയ്തു.
വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീയിക്കൽ, ഫാ.എൽദോസ് കുമ്മo കോട്ടിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, മൗണ്ട് സിനായ് മാനേജർ ഫാ. എൽദോസ് നമ്മനാലിൽ, കൊവിഡ് ചരമ ശുശ്രൂഷയിൽ പരിശീലനം നേടിയ ഫാ. ക്ലീമീസ് എൽദോ, ഫാ. പൗലോസ് മാത്യു , ഫാ. സിച്ചു രാജു, ഫാ. എബി മാത്യു, ഡീക്കൻ. ജാം, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചരമ ശുശ്രൂഷകൾ നിർവഹിച്ചത്. ആന്റണി ജോൺ എംഎൽഎ, ചെയർപേഴ്സൺ മഞ്ജു സിജു, വൈസ് ചെയർമാൻ എ. ജി ജോർജ്, തഹസിൽദാർ റെയ്ച്ചൽ വർഗീസ്, കൗൺസിലർമാരായ കെ. എ നൗഷാദ്, സിന്ദു ജിജോ, സിജു തോമസ്, മുൻ കൗൺസിലർ വി. വി കുര്യൻ, പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പനിബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ 17-നാണ് ബേബിക്ക് കോവിഡ് സ്ഥിരികരിച്ചത്. 18ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിമോണിയ പിടിപെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിച്ചു. ഭാര്യ മോളിയും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്.