കോതമംഗലം: കൊറോണ വൈറസ് വ്യാപനത്തിന് പാറ്റേൺ കണ്ടെത്താനുള്ള ശ്രമവുമായി കോതമംഗലം ഊഞ്ഞാപ്പാറ സ്വദേശി. കേരളത്തിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ച ശേഷം, ഈ വൈറസ് എങ്ങനെ ഉണ്ടായി, ഉത്ഭവം എവിടെ നിന്ന്, എങ്ങനെ വൻകരകൾ കടന്നുപോയി, ഈ വ്യാപനത്തിന് എന്തെങ്കിലും പാറ്റേൺ നിർവചിക്കാനാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് റിട്ട. കേണൽ ഐസൻഹോവർ.
കൊറോണയെ കുറിച്ച് തന്റെ പതിനഞ്ചാമത്തെ ആർട്ടിക്കിളുമായി വിസ്മയം തീർത്തിരിക്കുകയാണ് അദ്ദേഹം. കൊറോണയെ കുറിച്ചുള്ള ആദ്യ പേപ്പർ മാർച്ച് 9 നു എഴുതി, അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ദീർഘമായ കടൽതീരം ഉള്ള രാജ്യങ്ങൾ കൂടുതൽ കോവിഡ് രോഗം നേരിടും എന്നതും, താപനില ഒരു സുപ്രധാനഘടകമെന്നും ഇതിൽ പറയുന്നു.അദ്ദേഹത്തിന്റെ ആർട്ടിക്കിൾ ഇപ്പോൾ രാജ്യത്ത് പല കോവിഡ് ഗവേഷകർ പോലും ഒരു റഫറൻസ് ഡോക്യുമെന്റ് ആയി ഉപയോഗിക്കുന്നുണ്ട്.
കീരംപാറ സെന്റ്. സ്റ്റീഫൻ സ്കൂളിൽ അഞ്ചാം ക്ലാസ്സ് പഠിച്ചു, പിന്നീട് തിരുവനന്തപുരം സൈനിക സ്കൂളിൽ 11ക്ലാസ്സ് വരെ പഠനം തുടർന്നു. പൂനെയിൽ നാഷണൽ ഡിഫെൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കി തന്റെ 21ആം വയസ്സിൽ ആർമിയിൽ ഓഫീസർ റാങ്കിൽ പോസ്റ്റിങ്ങ് കിട്ടി. ഇൻഡോറിൽ നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ടെക് ഡിഗ്രിയും എടുത്തിട്ടുണ്ട്. ഡൽഹിയിൽ ഇന്റലിജൻസ് ഓഫീസർ ആയിരിക്കുമ്പോൾ ചെയ്ത “പാറ്റേൺ അനാലിസിസ് ” രാജ്യത്തെ പല സുപ്രധാന കാര്യങ്ങളിലും ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്.
കശ്മീരിൽ കമ്മ്യൂണിക്കേഷനുകൾ എല്ലാം തടസ്സപ്പെട്ട സമയത്ത് ഒരു വീൽ ചെയർ ബാസ്‌ക്കറ്റ് ബോൾ കളിക്കാരി ഇശ്രത് അക്തർ എന്ന പെൺകുട്ടിയെ ഒരു ലാൻഡ് ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് 12 മണിക്കൂർ കൊണ്ട് കണ്ടുപിടിച്ച് ചെന്നൈയിൽ എത്തിച്ചത് രാജ്യത്തെ പ്രമുഖ പത്രങ്ങൾ, ചാനലുകൾ എല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാറ്റേൺ അനാലിസിസ്, പ്രെഡിക്ടിവ് ഇന്റെലിജെൻസ് എന്നീ വിഭാഗങ്ങളിൽ ഉള്ള പ്രാഗൽഭ്യം നാഷണൽ ലെവലിൽ വരെ ശ്രദ്ധ നേടിയിട്ടുണ്ട്.