കോതമംഗലം:- കോതമംഗലം താലൂക്കിലെ ആദ്യ കോവിഡ് 19 പല്ലാരിമംഗലം പഞ്ചായത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്ന് പല്ലാരിമംഗലം സിഎച്ച്സിയിൽ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കോതമംഗലം താലൂക്കിൽ ആദ്യ കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗിയുമായി അടുത്ത് ഇടപഴകിയവർക്ക് കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും താലൂക്കിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മറ്റുള്ളവരുമായി ഇടപഴുകുന്നില്ല എന്ന കാര്യവും, വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് അടിയന്തിര സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനും,ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്ന കാര്യവും ഉറപ്പു വരുത്തണമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് എംഎൽഎ നിർദ്ദേശം നൽകി.
പല്ലാരിമംഗലം പഞ്ചായത്തിൽ ആദ്യ കോവിഡ് 19 കേസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും കൃത്യമായ ജാഗ്രതയാണ് വേണ്ടെതെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ജനപ്രതിനിധികളായ ഒ ഇ അബ്ബാസ്, ബിന്ദുജയകുമാർ, പി എം സിദ്ധീഖ്, ഷാജിമോൾ റഫീഖ്, പാത്തുമ്മസലാം, എ എ രമണൻ, എ പി മുഹമ്മദ്,,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,മെഡിക്കൽ ഓഫീസർ ബി ആശിഷ്,എസ് ഐ റ്റികെ സുനിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം എം ബഷീർ, എം എം ബക്കർ തുടങ്ങിയവർ പങ്കെടുത്തു.
