കോതമംഗലം : വീടുകളിൽ ലോക്ക് ആയിപ്പോയ ജനങ്ങൾ വ്യത്യസ്തങ്ങളായ ആശയങ്ങളും, തമാശകളും, കൃഷി പാഠങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോൾ. വീടുകളിൽ തളക്കപ്പെട്ടവർ വീട്ടുജോലികളും , പറമ്പിലെ പണിയുമായി കഴിഞ്ഞു കൂടുമ്പോളാണ് ചൂട് ഒരു വില്ലനായി അനുഭവപ്പെട്ടത്. വീടിനുള്ളിൽ ഇരുന്ന് മടുത്തവർ കൃഷിയിടത്തിൽ ഇറങ്ങി പണികൾ എടുക്കുവാൻ തുടങ്ങിയപ്പോൾ തല വിയർക്കുന്നത് പലർക്കും ബുദ്ധിമുട്ടായി തോന്നുകയായിരുന്നു. അതിനൊരു പരിഹാരവും, പുതിയ പരിഷ്കാരവും നടപ്പിലാക്കുകയായിരുന്നു ലോക്ക് ഡൗൺ ജനത.
മൊട്ടയടിച്ചവർ ഫേസ്ബുക്കിലൂടെ ചലഞ്ചു വരെ നടത്തുകയുണ്ടായി. ലോക്ക്ഡൗണ്‍ മൂലം ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതും കടുത്ത ചൂടുമാണ് യുവാക്കളെ തല മുട്ടയടിക്കാന് പ്രേരിപ്പിക്കുന്നത്. ലോക്ക് ടൗണ്‍ 14ന് അവസാനിക്കുമോയെന്ന് ഉറപ്പില്ലാത്തവരും ഈ സാഹചര്യത്തിൽ കൂട്ടത്തോടെ തല മൊട്ടയടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത ചൂട് മൂലം വൃദ്ധരും കുട്ടികളുമുള്‍പ്പെടെ ഈ ട്രെന്‍ഡ് ഏറ്റെടുത്തതോടെ നാട്ടിലെങ്ങും മൊട്ടത്തലയുടെ മേളമായി. മുടി നീണ്ടതോടെ ജലദോഷവും തുമ്മലുമൊക്കെ പിടിപെട്ടതായും മൊട്ട അടിച്ചവര്‍ കാരണമായി പറയുന്നുണ്ട്. മൊട്ടത്തലയിൽ കൈയൊടിച്ചു സമയം കളയുന്നവരും ഇതിൽപ്പെടുന്നു. പുറത്തേക്ക് ഇറങ്ങുന്നില്ലാത്തതുകൊണ്ട് നാട്ടുകാരുടെ കളിയാക്കലിൽ നിന്നും രക്ഷപ്പെടുവാനും ലോക്ക് ഡൗൺ മൊട്ടയടിയിലൂടെ സാധിക്കുമെന്ന് കോട്ടപ്പടി സ്വദേശിയും ബിസിനസുകാരനുമായ ഹമീദ് വെളിപ്പെടുത്തുന്നു.