കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്ക്/സംഘങ്ങളിൽ നിന്നും ബോർഡിൽ ലഭ്യമായ 980 അപേക്ഷകളിന്മേൽ 8,92,77,014/-രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. റിസ്ക് ഫണ്ട് ആനുകൂല്യം വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്ക്/സംഘങ്ങളിൽ നിന്നും ബോർഡിൽ ലഭ്യമായ അപേക്ഷകളിൽ 980 വായ്പകളിലായി 8,92,77,014/-രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചു നൽകിയിട്ടുണ്ട്.
കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ /ബാങ്കുകളിൽ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപ്പെടുകയോ ചെയ്യുന്ന അർഹരായ മുഴുവൻ വായ്പാക്കാർക്കും കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ചുവരുന്നുണ്ട്. മാരകരോഗം ബാധിക്കുന്ന/മരണപ്പെടുന്ന വായ്പക്കാർക്കുള്ള ചികിത്സാ സഹായവും മരണാനന്തര സഹായവും ലഭിക്കുന്നതിനുളള അപേക്ഷയും അനുബന്ധങ്ങളും ബന്ധപ്പെട്ട ബാങ്ക്/ സംഘമാണ് ബോർഡിലേക്ക് സമർപ്പിക്കേണ്ടത്. സംഘം/ ബാങ്കുകളിൽ നിന്നും റിസ്ക് ഫണ്ട് നിയമാവലി പ്രകാരമുളള അപേക്ഷയും അനുബന്ധങ്ങളും സമർപ്പിക്കാത്തതിനാൽ ന്യൂനതകൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് വീണ്ടും സംഘങ്ങൾക്ക് നിർദ്ദേശം നല്കുകയും, ആയത് പരിഹരിച്ചു ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുകയും ചെയ്യാറുണ്ട്. അപേക്ഷകളിലെ ന്യൂനതകൾ പരമാവധി ഒഴിവാക്കി ബോർഡിന് സമർപ്പിക്കുന്നതിനായി അപേക്ഷകൾ ബന്ധപ്പെട്ട /ജോയിന്റ്റ് അസിസ്റ്റന്റ്റ് രജിസ്ട്രാർ (ജനറൽ) ഡയറക്ടർ/ കൺകറണ്ട് ആഡിറ്റർ / അസിസ്റ്റന്റ്റ് രജിസ്ട്രാർ/ വാല്യുവേഷൻ ആഫീസർമാർ റിസ്ക് ഫണ്ട് നിയമാവലി പ്രകാരം പരിശോധിച്ച് ന്യൂനതകൾ ഒഴിവാക്കി ബോർഡിൽ ലഭ്യമാക്കുന്നതിന് ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി 19.02.2024, 22.08.2025 എന്നീ തീയതികളിലെ കത്ത് പ്രകാരം ടി ആഫീസുകളിൽ നൽകിയിട്ടുണ്ട്.
കൂടാതെ ബാങ്ക്/സംഘത്തിൽ നിന്നും ന്യൂനത പരിഹരിച്ചു ലഭിക്കാനുള്ള ഫയലുകളിൽ ആയത് അടിയന്തിരമായി പരിഹരിക്കുന്നതിനായി വീണ്ടും ബാങ്ക്/സംഘത്തിന് കത്ത് നല്കുകയും, ന്യൂനത പരിഹരിച്ചു ലഭിക്കുന്നതിനായി ജില്ലാതല അദാലത്തുകൾ നടത്തുന്നതിനും ആയത് പ്രകാരം ന്യൂനത പരിഹരിച്ചു ലഭ്യമാകുന്ന അപേക്ഷകൾ പരമാവധി വേഗത്തിൽ തീർപ്പാക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റിസ്ക് ഫണ്ട് ധനസഹായ അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം അനുവദിക്കുന്നതു വരെയുളള നടപടിക്രമങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനം ആക്കുന്നതിനുളള പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.
