കോതമംഗലം : കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം നിർമ്മാണം മാർച്ച് മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം നഗരസഭയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മോഡേൺ ക്രിമറ്റോറിയം പ്രവർത്തിയുടെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും പ്രസ്തുത നിർമ്മാണം ത്വരിത ഗതിയിൽ ആരംഭിക്കുന്നതിനായുള്ള നടപടികളെ സംബന്ധിച്ചും എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം പദ്ധതിയ്ക്ക് 12.04.2023 ലെ ഉത്തരവ് നം.LSG 004-01/ APR-2/2023/KIIFB പ്രകാരം 3,82,00,000/- രൂപയുടെ (മൂന്ന് കോടി എണ്‍പത്തിരണ്ട് ലക്ഷം രൂപ) സാമ്പത്തിക അനുമതി കിഫ്ബി നല്‍കിയിരുന്നു. ടി പദ്ധതിയുടെ കരാറുകാരന് 14.02.2025 നു പദ്ധതി നിര്‍വ്വഹണ ഏജന്‍സി Selection Notice issue ചെയ്തിട്ടുണ്ട്.
ടിയാനുമായി കരാറില്‍ ഏര്‍പ്പെട്ട ശേഷം Site Hand over ചെയ്ത് 2025 മാര്‍ച്ച് മാസം അവസാനത്തോടുകൂടി പദ്ധതി നിർവ്വഹണ ഏജന്‍സിയ്ക്ക് പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.
