കോതമംഗലം : ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കു അനന്ത സാധ്യതയെന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് . കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും 1985 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സംഗമത്തിന്റെ ഉദ്ഘാടനവും, 1985 ബാച്ചില്‍ പഠിച്ചു അകാലത്തില്‍ കര്‍മ്മ മണ്ഡലത്തില്‍ വച്ച് മരണപ്പെട്ട സഹപാഠി എസ് സുരേഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ് പ്രഖ്യാപനവും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പൽ ഡോ.ബോസ് മാത്യു ജോസ്, വി എസ് എസ് സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണി കൃഷ്ണന്‍ നായര്‍, മുന്‍ പ്രിന്‍സിപ്പൽ ഡോ. സോളി ജോര്‍ജ്, മാത്യു കാവാലം, അജയ്‌ഘോഷ്, ജെയിംസ് ജോസഫ്, ജോസഫ് സക്കറിയ, ഡോ. ജിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. എസ് സോമനാഥ് സ്‌കോളര്‍ഷിപ് സമ്മാനിച്ചു
ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ഡോ സോമനാഥ് പ്രഭാഷണം നടത്തി. വന്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ് ബഹിരാകാശ ഗവേഷണ രംഗം എന്നും ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ ഏറെ മുന്നില്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ക്കും വ്യവസായങ്ങള്‍ക്കും റോക്കറ്റ് വിക്ഷേപണത്തില്‍ പങ്കാളികള്‍ ആകാനുള്ള സാധ്യതകളും ബഹിരാകാശ സാങ്കേതിക വിദ്യ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എങ്ങിനെയെല്ലാം ഏതെല്ലാം മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
