കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ കാവൽ പിതാവായ പരിശുദ്ധ പൗലോസ് മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തയുടെയും മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെയും അനുസ്മരണം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. അനുസ്മരണയോഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, സെക്രട്ടറി, ഡോ. വിന്നി വർഗീസ് അധ്യക്ഷനായി. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, ചെയർമാൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്സ് അംഗവും, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായി.
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ മൂല്യാധിഷ്ഠിതമായി നേരിടാൻ മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അഫ്രേം ഉദ്ബോധിപ്പിച്ചു. മികവിനായുള്ള മത്സരത്തിൽ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾ ധാർമ്മികത കൈവിടരുതെന്ന് ഡോ. വിന്നി വർഗീസ് ഓർമ്മിപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ്റെ സ്ഥാപക പിതാക്കന്മാരുടെ ദീർഘവീക്ഷണമാണ് വിദ്യാഭ്യാസചരിത്രത്തിൽ കോതമംഗലത്തെ അടയാളപ്പെടുത്തിയത് എന്ന് ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ
സ്വാഗതം ആശംസിച്ചു. മാർ ബസേലിയോസ് കോളേജ്, അടിമാലി, പ്രിൻസിപ്പൽ, ഡോ. ബെന്നി അലക്സാണ്ടർ,
മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ, പ്രിൻസിപ്പൽ, ജുബി പോൾ , എന്നിവർ ആശംസകൾ അർപ്പിച്ചു.
മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണമസ്), പ്രിൻസിപ്പൽ,ഡോ. ബോസ് മാത്യു ജോസ് യോഗത്തിൽ നന്ദി പറഞ്ഞു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകരും, വിദ്യാർത്ഥികളും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.