കോതമംഗലം: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ ആലപ്പോട്ട് കൊക്കഡ്ര വീട്ടില്‍ ദിനേശ്മിനി ദന്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മി ദിനേശ് (21) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പനിയെ തുടര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പിന്നീട് തലവേദനയും ഛര്‍ദിയും ബാധിച്ച് മൂവാറ്റുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
പരിശോധനയില്‍ ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഹോട്ടല്‍ ഭക്ഷണം കഴിച്ചശേഷമാണ് തനിക്ക് അസ്വസ്ഥതകളുണ്ടായതെന്ന് ശ്രീലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
