കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് നിന്നും ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. തെക്കേ ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ രജീവ് ആണ് പക്ഷിയെ യാദൃശ്ചികമായി കാണുവാൻ ഇടയായത്. തുടർന്ന് നടന്ന അന്വേഷണമാണ് ചൈനീസ് പോണ്ട് ഹെറൺ എന്ന ചൈനീസ് കിളിയാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.

രജീവ് പകർത്തിയ ചിത്രങ്ങൾ വിലയിരുത്തിയ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഓർണിത്തോളജിസ്റ് (Ornithologist) ഡോക്ടർ ആർ.സുഗതൻ, ഇത് ചൈനീസ് പോണ്ട് ഹെറണ് തന്നെയാണെന്ന് പറയുന്നു. ഈ ഇനത്തിൽ പെട്ട ഒരു പക്ഷിയെ മാത്രമാണ് തട്ടേക്കാട് കണ്ടത്. അതിനാൽ പ്രജനന സമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന പ്രദേശങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറിയെത്തിയതാവാം എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. 19 ഇഞ്ചുവരെ നീളം ഉണ്ടാകാറുള്ള ചൈനീസ് പോണ്ട് ഹെറണുകൾക്ക് മഞ്ഞ നിറത്തിലുള്ള ചുണ്ടും കണ്ണുകളും കാലുകളുമാണുള്ളത്. കേരളത്തിൽ 2002 യിൽ പറമ്പികുളത്തു വച്ച് ചൈനീസ് കുളക്കൊക്കിനെ കണ്ടതായും, തട്ടേക്കാട് ആദ്യമായാണ് കാണുന്നതെന്നും ആർ.സുഗതൻ വെളിപ്പെടുത്തുന്നു.

മഴക്കാലത്ത് പാടത്തും വേനലിൽ ജലാശയതീരങ്ങളിലും കുളക്കരയിലും സുലഭമായും കേരളത്തിൽ സർവ്വവ്യാപിയായി കാണാവുന്നതുമായ പക്ഷിയാണ് കുളക്കൊക്ക് (ഇംഗ്ലീഷ്: Pond Heron അഥവാ Paddy Bird, ശാസ്ത്രീയനാമം: Ardeola grayii). മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ് ചിറകിനു പുറത്ത്. എന്നാൽ പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായ ചിറകുകളാണ് ദർശിക്കാനാവുക. നമ്മുടെ നാടൻ കുളക്കൊക്കിന് സമാനമായ ജീവിത ക്രമമാണ് ചൈനീസ് കുളക്കൊക്കും പിന്തുടരുന്നത്. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 322 പക്ഷികളുടെ കൂട്ടത്തിൽ പുതിയതായി ഒരു ഇനം കൂടി കൂട്ടിച്ചേർക്കുകയാണ്. കാറ്റിലോ കാലാവസ്ഥ മാറ്റത്തിലോ അകപ്പെട്ട് തട്ടേക്കാട് എത്തിയ ചൈനീസ് കിളി അങ്ങനെ ഒരു പുതു ചരിത്രം കൂടിയാണ് എഴുതിച്ചേർക്കുന്നത്.
📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Please Join ..
https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS



























































