അങ്കമാലി : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അങ്കമാലി ജീബീ പാലസ് ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റ പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയാ), ജനറല്‍ സെക്രട്ടറി – ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ട്രഷറര്‍ – വിനോദ് അലക്സാണ്ടര്‍ (വി.സ്ക്വയര്‍ ടി.വി), വൈസ് പ്രസിഡന്റ്മാര്‍ – അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറിമാര്‍ – ശ്രീജിത്ത് എസ് (റൌണ്ടപ്പ് കേരള), രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), കമ്മിറ്റി അംഗങ്ങള്‍ – സജിത്ത് ഹിലാരി (ന്യൂസ് ലൈന്‍ കേരളാ 24), അജിതാ ജെയ് ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ ഇ.കെ (കേരളാ ടൈംസ്), ഷഫ്ന പി.എ (കേളി ന്യൂസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപെയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഈ കാലയളവില്‍ അംഗത്വം നല്‍കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വെബ് സൈറ്റില്‍ (www.chiefeditorsguild.com) ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലുള്ള ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അംഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.