കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂർ അടിവാട്ട് പാലം പുതുക്കി പണിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ അടിവാട്ട് പാലം വളരെ വീതി കുറഞ്ഞതും കാലപ്പഴക്കത്താൽ നിലവിൽ അപകടാവസ്ഥയിലുമാണെന്നുള്ള കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനായി പി ഡബ്ല്യു ഡി ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റിന് വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കി അടിയന്തരമായി പാലം പുതുക്കി പണിയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.ചെറുവട്ടൂർ അടിവാട്ട് പാലം പുതുക്കിപ്പണിയുന്നതിന് 250 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സോയിൽ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തിയാക്കി പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിൽ നിന്നും ടെൻഡേറ്റീവ് ജനറൽ ഡിസൈൻ ഡ്രോയിങ്ങ് ലഭ്യമായിട്ടുണ്ട്.അതനുസരിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിൽ ലഭ്യമായിട്ടുണ്ട്.ആയത് പരിശോധിച്ചു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.