കോതമംഗലം : ചാരുപാറ, ചീക്കോട്, കൂവപ്പാറ എന്നീ പ്രദേശങ്ങളെ കീരംപാറ വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് സിപി ഐ കീരംപാറ ലോക്കൽ കമ്മിറ്റി നിവേദനം നൽകി. കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ചാരുപാറ, ചീക്കോട് പ്രദേശങ്ങളും ആറാം വാർഡിലെ കൂവപ്പാറയും ഇപ്പോൾ കുട്ടമംഗലം വില്ലേജിൻ്റെ പരിധിയിലാണ്.ഈ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾ റവന്യു , വില്ലേജ് ആവശ്യങ്ങൾക്കായി 35 കിലോമീറ്റർ അകലെയുളള നെല്ലിമറ്റത്തു സ്ഥിതി ചെയ്യുന്ന
കുട്ടമംഗലം വില്ലേജ് ഓഫീസിൽ എത്തണം.
കീരംപാറ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന പുന്നേക്കാട് എത്താൻ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച നിവേദനം റവന്യൂ വകുപ്പുമന്ത്രി കെ രാജന് നൽകി. ലോക്കൽ സെക്രട്ടറി അഡ്വ. കെ എസ് ജ്യോതികുമാർ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ നാരായണൻ നായർ, കെ പി തോമസ്, എൻ എ മാത്യു, സി കെ മാധവൻ, കെ പി ജോയി എന്നിവരടങ്ങിയ സംഘമാണ് റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയത്.