നേര്യമംഗലം : നേര്യമംഗലത്ത് കാറിന് തീ പിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു. തലക്കോട് വല്ലാഞ്ചിറ സ്വദേശിനി സുജാതാ ശിവന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. മകൻ ശ്രീജിത്ത് വാഹനം ഓടിക്കുമ്പോൾ കാറിന് മുൻഭാഗത്തുനിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം നിർത്തി പരിശോധിക്കുമ്പോളേക്കും തീ പടരുകയായിരുന്നു. സംഭവം അറിഞ്ഞു ആദ്യം നാട്ടുകാർ ഓടിക്കൂടുകയും തീ അണക്കുവാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് കോതമംഗലം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും തീ പൂർണ്ണമായും കെടുത്തുകയായിരുന്നു. ബാറ്ററിയിൽ നിന്നുമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കരുണാകരപിള്ള , ലീഡിങ് ഫയർമാൻ പി.ടി ജോഷി, ഫയർമാൻമാരായ കെ.എം ഇബ്രാഹിം, ജൈസ് ജോയ് , ഉണ്ണികൃഷ്ണൻ , ബിനോയ്, ഡ്രൈവർ ടി.പി റഷീദ് , ഹോം ഗാർഡ് ദിവാകരൻ തുടങ്ങിയവർ തീ അണക്കുന്നതിൽ പങ്കെടുത്തു.

You must be logged in to post a comment Login