പെരുമ്പാവൂർ : പെരുമ്പാവൂർ ജനത കാത്തിരുന്ന ബൈപ്പാസ് നിർമ്മാണം തുടങ്ങുന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.പാലാരിവട്ടം ആർ ബി ഡി സി കെ യുടെ ഓഫീസിൽ വച്ച് നടന്ന കിക്ക് ഓഫ് മീറ്റിങ്ങിനെ തുടർന്ന് ബൈപ്പാസിന്റെ നിർമ്മാണം സംബന്ധിച്ച പ്രോഗ്രാം ഷെഡ്യൂൾ വിലയിരുത്തിയ ശേഷം എംഎൽഎ അറിയിച്ചു .സൈറ്റ് ക്ലിയർ ചെയ്ത് സൈറ്റ് ഓഫീസും , സൈറ്റ് ലബോറട്ടറിയും ഈ ദിവസങ്ങളിൽ സ്ഥാപിക്കപ്പെടും .പ്രവർത്തി സൂചക ബോർഡും സ്ഥാപിക്കും .യൂട്ടിലിറ്റി ഷിഫ്റ്റിംഗിൻ്റെ ഭാഗമായി റോഡ് കടന്നുപോകുന്ന പാതയിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ, വാട്ടർ പൈപ്പ് മാറ്റിയിടുന്ന ജോലികളും ഇതോടൊപ്പം ആരംഭിക്കും .18 മാസമാണ് നിർമ്മാണ കാലാവധി എങ്കിലും ഒരു വർഷത്തിനകം ബൈപാസ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാർ ഏറ്റെടുത്ത രാജേഷ് മാത്യു , എംഎൽഎക്ക് വാക്ക് നൽകി. റൈറ്റ്സിന്റെ എൻജിനീയർമാർക്കാണ് മേൽനോട്ട ചുമതല.
ജൂൺ 18 ചൊവ്വാഴ്ച വർക്ക് ആരംഭിച്ചു തുടങ്ങുമെന്നും ,സൈറ്റ് ക്ലിയർ ചെയ്തു ലെവൽസ് എടുക്കുന്ന പ്രവർത്തികളും , എർത്ത് ഫില്ലിംഗ് മുതലായ പ്രവർത്തികളും ഉടൻ ആരംഭിക്കുമെന്ന് കരാർ കമ്പനി അറിയിച്ചു .ഔദ്യോഗികമായ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ സമയമനുസരിച്ച് ഈ മാസം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൽദോസ് കുന്നിപ്പിള്ളി എംഎൽഎ അറിയിച്ചു .മരുതു കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വരെയുള്ള ഭാഗത്തിന്റെ നിർമ്മാണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത് .300 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി പെരുമ്പാവൂരിൽ തുടക്കം കുറിക്കാൻ കഴിയുന്നത് വളരെ സന്തോഷകരമാണെന്ന് എൽദോസ് എംഎൽഎ പറഞ്ഞു . RBDCK ജനറൽ മാനേജർ സിന്ധു ടി എസ്,ഡെപ്യൂട്ടി ജനറൽ മാനേജർ റീനു എലിസബത്ത് , ആർ ഡി ബി സി കെ പ്രൊജക്റ്റ് എൻജിനീയർ നസീം ബാഷ ,രാജേഷ് മാത്യു , കമ്പനി പ്രൊജക്റ്റ് എൻജിനീയർ മുഹമ്മദ് ഫൈസൽ,റൈറ്റ്സ് മാനേജർ വിനേഷ് കൃഷ്ണ, മറ്റ് ഉദ്യോഗസ്ഥർ ഇവർ സംയുക്തമായി ഒത്തുചേർന്നാണ് ബൈപ്പാസ് നിർമ്മാണ പദ്ധതിയുടെ സമയബന്ധിതമായുള്ള പൂർത്തീകരണത്തിന് ടൈം പ്ലാൻ തയ്യാറാക്കി കിക്ക് ഓഫ് മീറ്റിംഗിൽ അവതരിപ്പിച്ചത് .