കോതമംഗലം : ഏറെ നാളുകൾക്കു ശേഷം തുറന്ന ഭൂതത്താൻകെട്ടിൽ പാർക്കിംഗ് കൊള്ളയുമായി ടൂറിസം ഡിപ്പാർട്മെന്റ്. നിലവിൽ 20 മീറ്റർ വ്യത്യാസത്തിൽ രണ്ട് ഡിപ്പാർട്മെന്റ്കൾ പാർക്കിംഗ് പിരിക്കുന്നത് സഞ്ചാരികൾക്ക് ഇടയിൽ അമർഷത്തിന് ഇടയാക്കുന്നുണ്ട്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് പെരിയാർവാലിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കുട്ടികളുടെ പാർക്കിലേക്കും, പഴയ ഡാമിലേക്കുള്ള പ്രവേശനത്തിനും പ്രതേക പാർക്കിംഗ് ഫീസും, അവിടെ നിന്നും തിരിച്ചു ഡി. റ്റി. പി. സിയുടെ മേൽനോട്ടത്തിൽ നടത്തുന്ന റസ്റ്റോറന്റ് ലേക്കും, ബോട്ടിഗിനും പോകുന്നവർക്ക് വീണ്ടും ഒരു പാർക്കിംഗ് ഫീസും കൂടി എടുക്കണ്ടി വരുന്നു.
ഇതിനു കൂടാതെയാണ് പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ നോ പാർക്കിംഗ് വെച്ചിട്ടുള്ള ഭൂതത്താൻകെട്ട് പാലത്തിന്റെ അപ്രോച്ച് റോഡും, പാലത്തിന് മുന്നേയുള്ള വഴിയിലും പാർക്കിംഗ് പിരിക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റ് തുടങ്ങിയിരിക്കുന്നത്. ഭൂതത്താൻകെട്ട് എത്തുന്ന സഞ്ചാരികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാതെ നടുറോഡിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നു എന്ന് വ്യാപകമായ പരാതിയുണ്ട്. കൃത്യമായ മാർഗനിർദേശങ്ങളും വേണ്ടത്ര പാർക്കിംഗ് ഏരിയയും കണ്ടെത്താതെ പകൽ കൊള്ള അവസാനിപ്പിക്കണം എന്നാണ് സഞ്ചാരികളുടെ ആവശ്യം.