കോതമംഗലം : ലക്ഷങ്ങൾ ചിലവാക്കി നവീകരിച്ചതാണ് ഭൂതത്താൻകെട്ട് പാലത്തിനു സമീപം പുഴയിലേക്ക് ഇറങ്ങാൻ ഉള്ള പടവുകൾ. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ അടിഞ്ഞു കൂടിയ മണൽ ഇത് വരെ നീക്കം ചെയ്യാൻ അധികാരികൾ തയാറായിട്ടില്ല. ഏകദേശം 100 മീറ്ററോളം ദൂരത്തിലാണ് മണൽ നിറഞ്ഞു പടവുകൾ മൂടി കിടക്കുന്നത്. ഭൂതത്താൻകെട്ട് എത്തുന്ന സഞ്ചാരികൾ പുഴയുടെയും പാലത്തിന്റയും ഭംഗി ആസ്വദിക്കുന്നതിന് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഈ പടവുകളിലാണ്. പഴയ ഭൂതത്താൻകെട്ടിന്റെ ഭംഗിയും കാനനഭംഗിയും കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കിടക്കുന്നത്.
എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മനോഹര വിനോദസഞ്ചാരമായ ഭൂതത്താൻകെട്ടിൽ ഡാമിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ കടുത്ത നിരാശയിലാണ്. കഴിഞ്ഞ ആഴ്ച കോളേജ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ മണലിനു മീതെ വളർന്ന പുല്ലുകളും കാടുകളും വെട്ടി സഞ്ചാരികൾക്ക് സുഖമായ കാഴ്ച ഒരുക്കിയിട്ടുണ്ട്. പടവിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യണമെന്നാണ് സഞ്ചാരികൾ നിരന്തരമായി ആവശ്യപ്പെടുന്നത്. പ്രളയത്തിനുശേഷം റോഡിൽ കയറി കൂടിയ മണൽ കുറച്ചു നീക്കം ചെയ്തെങ്കിലും പടവുകളിലെ മണൽ അവിടെ തന്നെ കിടക്കുകയാണ്.