കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സര്‍ക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ പി കെ സുരേന്ദ്രന്‍റെ നേതൃത്ത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും, കുട്ടമ്പുഴ എക്സൈസ് റേഞ്ച് പാര്‍ട്ടിയും, വനം വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിൽ ഭൂതത്താന്‍കെട്ട് ക്യാച്ച്മെന്‍റ് ഏരിയായിൽ നിന്നും ഇരുമ്പ് ബാരലുകളിലും പ്ലാസ്റ്റിക്ക് ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 885 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു കേസാക്കുകയായിരുന്നു.
ആള്‍ സഞ്ചാരമില്ലാത്ത സ്ഥലത്ത് രഹസ്യമായാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനാവശ്യമായ ചാരായം വാറ്റുന്നതിനുള്ള വാഷാണ് കണ്ടെത്തി നശിപ്പിച്ചത് . ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്നതിനാൽ ക്യാച്ച്മെന്‍റ് ഏരിയയിലും കൂടാതെ മലയോര മേഖലകളും കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്. കൂടാതെ മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിന് തുടർ അന്വേഷണം ഊർജ്ജിതമാക്കി.
റെയിഡില്‍ കോതമംഗലം എക്സൈസ് സര്‍ക്കിൾ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ പി കെ സുരേന്ദ്രനെ കൂടാതെ പ്രിവൻറീവ് ഓഫീസർമാരായ എൻ.എ മനോജ് (ഇന്‍റെലിജൻസ് വിഭാഗം) സാജൻപോൾ, ടി.പി.പോള്‍, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ പി എസ്,ബേസിൽ കെ തോമസ് ഡ്രൈവർ ജയൻ.എം.സി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ കെ.എന്‍.അനി,ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞ് എന്നിവരും പങ്കെടുത്തു.