പെരുമ്പാവൂർ : പനമ്പ് നെയ്ത്ത് തൊഴിലാളികൾക്കായി ബാംബു കോർപ്പറേഷന്റെ ഈറ്റ വിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഇതേ ആവശ്യം ഉന്നയിച്ചു എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. കോവിഡ് – 19 നിയന്ത്രണം ആരംഭിക്കുന്നതിന് മുൻപ് മാർച്ച് മാസം അവസാനമാണ് ബാംബു കോർപ്പറേഷൻ പനമ്പുകൾ ശേഖരിച്ചത്. നിയന്ത്രണം അവസാനിക്കുമ്പോൾ നൽകാമെന്ന ധാരണയിൽ ആയിരക്കണക്കിന് പനമ്പുകൾ ആണ് തൊഴിലാളികൾ നിർമ്മിച്ചു വീടുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
ബാംബു കോർപ്പറേഷൻ ഈ പനമ്പുകൾ സംഭരിക്കുകയും ഉല്പന്നമാക്കി മാറ്റി വിതരണം ചെയ്യുകയും ചെയ്തില്ലെങ്കിൽ നിയോജക മണ്ഡലത്തിലെ കൂടാലപ്പാട്, കൊടുവേലിപ്പടി, മങ്കുഴി, തോട്ടുവ, താന്നിപ്പുഴ, ആയത്തുപടി, ഒക്കൽ, ചേരാനല്ലൂർ, കോടനാട് എന്നീ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും ഡിപ്പോൾ തുറന്ന് തൊഴിലാളികളുടെ കൈവശം ഇരിക്കുന്ന പനമ്പുകൾ ശേഖരിച്ചു വില നൽകുവാനും ബാംബു കോർപ്പറേഷൻ ക്ഷേമനിധിയിൽ പണം അടച്ചു വർദ്ധക്യത്തിലെത്തിയ നൂറ് കണക്കിന് ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് പെൻഷൻ അനുവദിച്ചു നൽകുന്നതിനും നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.