മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്‌റ്റേഷൻ പരിധികളിൽ കൊലപാകതശ്രമം, കഠിനദേഹോപദ്രവം , വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2025 ഫെബ്രുവരിയിൽ മൂവാറ്റുപുഴ ലതാ സ്റ്റാൻ്റിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഈ കേസിലെ മറ്റൊരു പ്രതി അമൽനാഥിനെ കഴിഞ്ഞ മാസം അവസാനം കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ്ബ് ഇൻസ്പെക്ടർ എസ്.എൻ സുമിത, അസി. സബ്ബ് ഇൻസ്പെക്ടർ ഷക്കീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ .പി നിസാർ, സുഭാഷ് എം.കെ, സി.എം ബഷീറ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



























































