കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ അത്തനേഷ്യസ് കോളേജാണ് അപൂർവ്വമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. “പ്രായം ഒന്നും നോക്കിയില്ല, ബിരുദം നേടണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എനിക്ക്…. കോളേജിൽ പഠിക്കണമെന്ന എന്റെ മോഹം പൂവണിഞ്ഞു. മകനൊപ്പമാകുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാണ്.
ഇനി ബിരുദത്തിലേക്കുള്ള യാത്രയാണ്, അതും നേടും” ഉച്ചക്കുള്ള ഇടവേളയിൽ മകന്റെ കൈ പിടിച്ചു കോളേജ് വരാന്തയിലൂടെ നടക്കുന്നതിനിടയിൽ പൂർണിമ പറഞ്ഞു.
ഫുട്ബോൾ കളിയെ പ്രണയിക്കുന്ന മകൻ വൈഷ്ണവ് കെ ബിനു, സ്പോർട്സ് കോട്ടയിൽ പ്രവേശനം നേടി ബി കോം ഒന്നാം വർഷ വിദ്യാർത്ഥിയാണെങ്കിൽ,ഇംഗ്ലീഷ്, മലയാളം സാഹിത്യത്തേയും, വായന യേയും സ്നേഹിക്കുന്ന അമ്മ പൂർണിമ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്. കഠിനമായ പ്രയത്നത്തിലൂടെ ബിരുദം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.
ന്യൂജെൻ തലമുറയുടെ കൂടെ പഠിക്കുന്നതിന്റെ ജാള്യതയൊന്നും പൂർണിമക്കില്ല.പ്രായം വെറും നമ്പർ മാത്രമാണെന്നാണ് പൂർണിമയുടെ വാക്കുകൾ.”ഞങ്ങൾ അമ്മയും, മകനും കോളേജ്മേറ്റ്സ് എന്നു പറയുന്നതു തന്നെ ഒരു സന്തോഷമല്ലേ” മകനൊടൊപ്പം നടക്കുന്നതിനിടയിൽ പൂർണിമ പറയുന്നു.വീട്ടു കാര്യങ്ങളും, അടുക്കളക്കാര്യങ്ങളും എല്ലാം ചെയ്ത് തീർത്ത് രണ്ടുമക്കളിൽ ഇളയവനും, പോത്താനിക്കാട് സെന്റ്. സേവ്യഴ്സ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി യുമായ വൈഭവ് ദേവിനെ സ്കൂളിലും പറഞ്ഞയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ഈ അമ്മയുടെയും, മൂത്ത മകന്റെയും ഒരുമിച്ചുള്ള കോളേജ് യാത്ര. വൈകിട്ടും ഒന്നിച്ചാണ് മടക്കം. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് കെ. എസ്. ബിനുവും കട്ടക്ക് കൂടെയുണ്ട്. മികച്ച ഫുട്ബോൾ കളിക്കാരനും, ഇടുക്കി ജില്ലാ ഫുട്ബോൾ ടീമിലെ മുൻ അംഗവും, കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറുമാണ് ബിനു. ഡ്യൂട്ടി യില്ലാത്ത ദിവസങ്ങളിൽ അടുക്കളയിൽ കയറി തന്നെ ഭർത്താവ് സഹായിക്കുമെന്നും, അത് തന്റെ ബിരുദ പഠനത്തിന് ഏറെ സഹായകരമാണെന്ന് ഇവർ പറയുന്നു.പഠനത്തോടൊപ്പം കാല്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വൈഷ്ണവിന്റെ ആഗ്രഹം. മകനോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടണമെന്ന പൂർണിമയുടെ നിശ്ചയ ദാർഡ്യത്തെ ഏറെ അഭിനന്ദിക്കുന്നതായും,ഉന്നത വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായിരിക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും പറഞ്ഞു….
