പഞ്ചാബ് : സംഘടനാതലത്തിൽ കോൺഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമായ ഭാരത് ജോഡോ പദയാത്ര നൂറ്റിപതിനെട്ടാമത്തെ ദിനത്തിലേക്ക് കടന്നപ്പോൾ കോതമംഗലം സ്വദേശികൾക്ക് അഭിമാന കാഴ്ച്ച സമ്മാനിച്ച് രാഹുൽ ഗാന്ധി. പഞ്ചാബിലെ ഡൽഹി- ജമ്മു ദേശീയപാതയിലെ മരം കോച്ചുന്ന തണുപ്പത്ത് ദുരഹയിൽ നിന്നും ലുധിയാനയിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുത്ത പങ്കെടുത്ത അനുര മത്തായിയെ ശ്രദ്ധയിൽ പെട്ട രാഹുൽ ഗാന്ധി മുൻനിരയിലേക്ക് വിളിച്ചു കയറ്റി കരം ചേർത്ത് പിടിച്ചു യാത്ര നയിക്കുകയായിരുന്നു. കോതമംഗലത്തെ കലാലയ രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അനുര മത്തായി പ്രവാസ ജീവിതത്തിലും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടുതവണ യൂണിയൻ ചെയർമാൻ കൂടിയായിരുന്നു അനുര.
ദുബായിൽ നടന്ന ഇന്ത്യൻ കമ്മ്യൂണിറ്റി മീറ്റിംഗ് കൺവെൻഷനിൽ തുടങ്ങിയ അടുപ്പം രാഹുൽ ഗാന്ധി ഓർത്തെടുക്കുകയായിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഗ്ലോബൽ കോഓർഡിനേറ്റർ കൂടിയാണ് അനുര മത്തായി. ഐഒസിക്ക് കീഴില്‍ വിവിധ രാജ്യങ്ങളില്‍ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ചുമതലക്കാരൻ കൂടിയാണ് അനുര. കോതമംഗലം കുറ്റിലഞ്ഞി സ്വദേശിയായ ഇദ്ദേഹം ദുബായിലെ പ്രമുഖ കമ്പനിയുടെ ഡയറക്ടറാണ്.
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവ പിന്നിട്ട് ജനുവരി 26നു ശ്രീനഗറിൽ സമാപിക്കും. ഭാരത് ജോഡോ പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കൈകോർത്ത് പദയാത്രയുടെ ഭാഗമായി തീരുവാൻ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായാണ് കരുതുന്നത് എന്ന് അനുര മത്തായി വെളിപ്പെടുത്തുന്നു.