കോതമംഗലം: കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ വിശപ്പുരഹിത ആശുപത്രി പദ്ധതിയിൽ കവളങ്ങാട് സെൻ്റ് ജോൺസ് ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷനും പങ്കാളികളായി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം കവളങ്ങാട് സെൻ്റ് ജോൺസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ അംഗങ്ങളും,മറ്റ് ഭാരവാഹികളും ചേർന്ന് പ്രസിഡന്റ് ജോയി പോളിന്റെ നേതൃത്വത്തിൽ നൽകി കൊണ്ട് മാതൃകയായി. പൂർവ്വ വിദ്യാർത്ഥികളുടെ സമൂഹത്തോടുള്ള കടപ്പാടും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവിൽ ആണ് ഇതുപോലുള്ള പുണ്യ പ്രവർത്തികൾ ചെയ്യുവാനായി നിറഞ്ഞ മനസോടെ മുന്നോട്ട് വന്ന കവളങ്ങാട് സെന്റ് ജോൺസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പറഞ്ഞു.
സ്കൂളിൽ നിന്നും പഠിച്ചിറങ്ങി വിവിധ തലങ്ങളിൽ ആയിരിക്കുന്ന വ്യക്തിത്വങ്ങളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നതെന്നും, പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുള്ള കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനും പദ്ധതിയുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബേബി എം. പി, സെക്രട്ടറി സിജു.കെ.എ, ട്രഷറർ സത്താർ മലേക്കുടിയിൽ, അംഗങ്ങളായവർഗീസ് കൊന്നനാൽ, രാജൻ ഈ.ആർ, റഫീക്ക് വാളാച്ചിറ, സിനി കെ. സി എന്നിവർ ഈ സദ്ഉദ്യമത്തിൽ പങ്കെടുത്തു.
